ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ഒമ്പതു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഡൽഹി വിമാനത്താവള ടെർമിനൽ മൂന്നിൽ വെള്ളം കയറിയതോടെയാണ് സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. ഡൽഹിക്കുപുറമേ ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്.
സ്ഥിതിഗതികൾ കണക്കിലെടുത്ത് ഡൽഹിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിൽ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ തകർന്നുവീണു.
റോഡുകളിൽ വെള്ളം കയറിയതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. ബിഹാറിലെ 20ലധികം ജില്ലകളിൽ മഴക്കെടുതി രൂക്ഷമായതായാണ് റിപ്പോർട്ടുകൾ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നദികൾ കരകവിഞ്ഞൊഴുകുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലും സ്ഥിതിഗതികൾ ഗുരുതരമാണ്. വീടുകൾക്ക് പുറമെ ക്ഷേത്രങ്ങളും ശ്മശാനങ്ങളും ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴക്കെടുതി വിലയിരുത്തുന്നതിനായി ഉത്തർപ്രദേശ്, ബിഹാർ മുഖ്യമന്ത്രിമാർ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി. മഴ ശക്തമായ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകളും ഡൽഹിയിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.